Monday, July 23, 2012

നാടപ്പുല്ലും ആരല്‍ മത്സ്യങ്ങളും !

കുട്ടിക്കാലത്ത് അക്വേറിയം കടകളില്‍ നിന്ന് വാലിസ്നേറിയകള്‍ വാങ്ങി അക്വേറിയത്തില്‍ നട്ടു വളര്‍ത്താന്‍ തുടങ്ങിയതിനു ശേഷമാണ് കല്ലേപ്പുള്ളിയിലെ കനാലുകളില്‍ കാണുന്ന ആരല്പുല്ല്, ഇതേ ചെടി തന്നെയാണെന്ന് മനസ്സിലായത്‌ . വേനല്‍ക്കാലത്ത് കനാലുകളിലെ വെള്ളം കുറയുമ്പോള്‍ മാത്രമാണ് , ഒഴുക്കിനനുസരിച്ച് ഇളകിയാടുന്ന ഈ സുന്ദരന്‍ ചെടികള്‍ ശ്രദ്ധയില്‍പ്പെടുക!

കടപ്പാട് : http://www.aecos.com

കേരളത്തിലെ ജലാശയങ്ങളിൽ പൊതുവെ കാണപ്പെടുന്ന ഇവ, പലപ്പോഴും ആരൽപുല്ല്, നാടപ്പുല്ല്, കനാൽചണ്ടി എന്നിങ്ങനെയുള്ള പ്രാദേശിക പേരുകളിലും അറിയപ്പെടുന്നു. ഇതിനു രസകരമായ പല കാരണങ്ങളും ഉണ്ട്. വാലിസ്നേറിയകളില്‍  നീണ്ട നാടകള്‍ പോലെയുള്ള ഇലകള്‍ ഉള്ളതിനാലാകാം, ഈ ചെടിക്ക്  നാടപുല്ല് എന്ന പേര്‍ വീണത്‌. ആരല്‍ മത്സ്യങ്ങളോട് ഇവക്കുള്ള സാമ്യം കാരണം ഇവയ്ക്ക് ആരല്‍പുല്ല് എന്ന പേരും കിട്ടി. പേരിനെ അന്വര്‍ത്ഥമാക്കും വിധം ധാരാളം ആരല്‍ മത്സ്യങ്ങളും ഇവക്കിടയില്‍ താമസമാക്കാറുണ്ട്.  ഈ ടയര്‍ ട്രാക്ക് ആരല്‍ മത്സ്യങ്ങളെ പിടിക്കാനെത്തുന്ന മീന്‍പിടുത്തക്കാരുടെ ഭാഷയില്‍, വെള്ളത്തിനടിയില്‍ കുറ്റിക്കാടുകള്‍ പോലെ വളരുന്ന ചെടികള്‍ 'കനാല്‍ചണ്ടി'യും ആയി!

കടപ്പാട് : http://album-ek.narod.ru
ഉഷ്ണ-സമശീതോഷ്ണ മേഖലകളില്‍ സുലഭമായ ഈ ജലസസ്യം പക്ഷികള്‍ക്കും മറ്റു ജല ജീവികള്‍ക്കും  വാസസ്ഥലവും ഭക്ഷണവും പ്രദാനം ചെയ്യുന്നുണ്ട്. ക്യാന്‍വാസ് -ബാക്ക് താറാവുകള്‍ അഥവാ എയ്തിയ വാലിസ്നേരിയെ  എന്നറിയപ്പെടുന്ന ദേശാടന പക്ഷികള്‍ക്ക് ആ ശാസ്ത്രീയ നാമം ലഭിച്ചത് തന്നെ, അവ  വാലിസ്നേറിയകളെ ഭക്ഷണമാക്കുന്നതുകൊണ്ടാണ്. അങ്ങനെ പ്രകൃതിയിലെ ഭക്ഷ്യശൃംഖലയുടെ  ഒരു ഭാഗം കൂടിയാണ് വാലിസ്നേറിയ.

കടപ്പാട് : http://chinocreekwetlandsandeducationalpark.blogspot.de
കബൊംബ ചെടികളില്‍ നിന്നും വ്യത്യസ്തമായി വാലിസ്നേറിയകളെ ഒരു കളയായി പറഞ്ഞു കേള്‍ക്കാറില്ല. മാത്രമല്ല, വാലിസ്നേറിയകള്‍ നിബിഡമായി വളര്‍ന്ന്  ജലാശയങ്ങളിലെ അടിമണ്ണൊലിപ്പ് തടഞ്ഞു ജാലാവാസ വ്യവസ്ഥയെ ക്രമീകരിക്കുന്നതിനാല്‍, പ്രകൃതി സംരക്ഷണത്തിലും ഒരു പങ്കു വഹിക്കുന്നുണ്ട്

കടപ്പാട് : http://moje-akvarium.net
ആന്റോണിയോ വാലിസ്നേറി എന്ന പ്രകൃതിസ്നേഹിയുടെ പേരില്‍ അറിയപ്പെടുന്ന വാലിസ്നേറിയ ചെടികള്‍ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് സുപരിചിതമാണ്. വാലിസ്നേറിയയെ അക്വേറിയത്തില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും അവയുടെ പ്രജനനത്തെയും കുറിച്ചും കൂടുതല്‍ അറിയാന്‍  മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരല്‍പുല്ല്' വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

അക്വേറിയത്തില്‍ വളര്‍ത്തിയിരിക്കുന്ന വാലിസ്നേറിയകളെ ഈ വീഡിയോയില്‍ കാണാം.